Kerala

വെള്ളം തലയിലേറ്റി കൂട്ടിരിപ്പുകാർ, വലഞ്ഞ് രോഗികൾ;കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികൾ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെളളം മുടങ്ങുന്നത് പതിവാകുകയാണ്. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗത്താണ് പ്രതിസന്ധി ഏറെ ഉണ്ടായത്.

വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെളളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, ബക്കറ്റില്‍ ശേഖരിച്ച വെളളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാര്‍ഡുകളില്‍ എത്തിക്കുന്നത് വെല്ലുവിളിയായി. പടിക്കെട്ട് കയറിയാണ് പലരും വാര്‍ഡുകളിലെ ടോയ് ലറ്റുകളില്‍ വെളളം എത്തിച്ചത്. വിഷയം വിവാദമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. വൈകുന്നേരത്തിനുളളില്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.