12 മണിക്കൂർ നീണ്ട പോരാട്ടം, ഒടുവില്‍ സൊമാലിയൻ കടൽക്കൊള്ളക്കാരെ പൂട്ടി സൈന്യം, 9 പേരെയും ഇന്ത്യയിലെത്തിക്കും
ഇന്ത്യൻ നാവിക സേന കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിൽ എത്തിക്കും. ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത 9 സൊമാലിയൻ കടൽക്കൊള്ളക്കാരെയാണ് നാവിക സേന കീഴ്പ്പെടുത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളെയും സേന മോചിപ്പിച്ചിരുന്നു. യെമനീസ് ദ്വീപായ സൊകോട്രയിൽ നിന്നും 90 നോട്ടിക്കൽ മൈൽ അപ്പുറത്ത് കൊള്ളക്കാർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തു എന്ന വിവരമാണ് ആദ്യം നാവികസേനക്ക് ലഭിക്കുന്നത്. തുടർന്ന് ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ നാവിക സേന പടകപ്പലുകൾ സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ആരംഭിച്ചു.
തുടർന്ന് 12 മണിക്കൂർ നീണ്ട പോരാട്ടം. ഒടുവിൽ അൽ കാമ്പര്‍ എന്ന ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളെയും ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കൊള്ളക്കാരിൽ നിന്നും തങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യയോട് നന്ദിയുണ്ടെന്നാണ് ത്സ്യതൊഴിലാളികൾ പ്രതികരിച്ചത്. കൊള്ളക്കാർ പിടിച്ചെടുത്ത ബോട്ടിൽ സുരക്ഷ പരിശോധന നടത്തിയ നാവികസേന മത്സ്യതൊഴിലാളികളുടെ വൈദ്യ പരിശോധനയും നടത്തി. തുടർന്ന് ഇവരെ വിട്ടയച്ചു. നാവിക സേന കീഴ്പ്പെടുത്തിയ 9 സൊമാലിയൻ കടൽകൊള്ളക്കാരെയും ഇന്ത്യയിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിക്കും