ഐ ഫോൺ കെജ്രിവാൾ ഓഫ് ചെയ്ത് വച്ചു, പാസ്വേർഡ് പറയുന്നില്ലെന്ന് ഇ ഡി; ആപ്പിൾ കമ്പിനിയെ ഉടൻ സമീപിക്കും
മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേർഡ് നൽകാൻ അരവിന്ദ് കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇ ഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവർത്തിച്ചു. എന്നാൽ ബിജെപിയ്ക്കായി വിവരങ്ങൾ ചോർത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഇ ഡി യാതൊരുവിധ ഇലക്ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇ ഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇ ഡി ആരോപിക്കുന്നു. ചില ഇലക്ട്രോണിക് ഡിവൈസുകളും 70000 രൂപയുമാണ് അറസ്റ്റ് വേളയിൽ കെജ്രിവാളിന്റെ വസിതിയിൽ നിന്ന് ഇ ഡി കണ്ടെത്തിയത്.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടക്കും.എല്ലാ മുതിർന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.മമതാ ബാനർജിക്ക് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകും.