Kerala

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Spread the love

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാ‌ർത്ഥനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റർ സന്ദേശവും നൽകി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു

രാഷ്ട്രപതി ദ്രൗപതി മുര്‍മു വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉയർത്ത് എഴുന്നൽപ്പിന്‍റെ ഓർമ്മയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുർബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയിൽ കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി.

ബറോഡ മാർ ഗ്രിഗോറിയോസ് വലിയപള്ളിയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകിയത്. ഒട്ടേറെ വിശ്വാസികൾ പ്രാർത്ഥനകളുടെ ഭാഗമായി. കോട്ടയം നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ യുഹനോൻ മാർ ദിയസ്കോറസ് പ്രാർത്ഥനകൾക്ക് കാർമികത്വം വഹിച്ചു. ദുബായ് മാർത്തോമ്മാ പള്ളിയിൽ മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഈസ്റ്റർ ദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എറണാകുളം കരിങ്ങാച്ചിറ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഉയിർപ്പ് ശുശ്രൂഷകളിൽ മുഖ്യ കാർമികത്വം വഹിച്ചു. സി എസ് ഐ സഭയുടെ കീഴിലെ വിവിധ ദേവാലയങ്ങളിലും ഈസ്റ്റർ പ്രാർഥനകൾ നടന്നു. കോട്ടയം ഇരുമാപ്ര സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ ഇടവക വികാരി റവറന്‍റ് റോയ്മോൻ പി.ജെ. ആരാധനയ്ക്ക് നേതൃത്വം നൽകി.

വന്യ ജീവി ശല്യത്തെ തുടർന്ന് മാനന്തവാടി രൂപതക്ക് കീഴിലുള്ള പള്ളികളിൽ പാതിരാ കുർബാന നേരത്തെ നടന്നു. പുലർച്ചെ 5 വരെ നടക്കുന്ന ചടങ്ങുകൾ രാത്രി 10 മണിക്ക് അവസാനിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ക്രിസ്തുമസിനും മേഖലയിൽ പാതിരാ കുർബാന നേരത്തെയാക്കിയിരുന്നു.ഒമാനിലെ ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു.ഗാലാ സെന്‍റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് തുന്പമൺ ഭദ്രാസനാധിപൻ മാർ സെറാഫിം എബ്രഹാം നേതൃത്വം നൽകി. മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മുംബൈ ഭദ്രാസനാധിപൻ മാർ കൂറിലോസ് ഗിവർഗീസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മസ്ക്കറ്റ് മർത്ത ശ്മൂനി യാക്കോബായ ദേവാലയത്തിലും മസ്ക്കറ്റ് സെന്റ് മേരീസ് യാക്കോബായ ഇടവകയിലും
ഉയിർപ്പ് ശുശ്രൂഷകൾ നടന്നു.