പാലക്കാട്ട് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍ പിടിയിലായത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തത്ത തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് വീടിന് പിറകില്‍ കരിയിലകള്‍ അടിച്ചുകൂട്ടുന്നതിനിടെ തത്തയെ കാട്ടുപന്നി ആക്രമിക്കുന്നത്.
കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി കടി വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി ഏറെ മാംസം നഷ്ടപ്പെട്ടിരുന്നു.
ആദ്യം ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ലഭിക്കുന്ന വിവരം.
തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണി കൂടിയാണ്. ഇങ്ങനെയൊരു ദുരന്തം വന്നെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബവും.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ഇത്തരത്തില്‍ ക്രൂരമായൊരു ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ഇനിയും പ്രദേശത്ത് ആശങ്ക പരത്തുകയാണ്.