Kerala

മദ്രസ അധ്യാപകൻ റിയാസ് മൗലവി വധം: RSS പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു

Spread the love

മദ്രസ അധ്യാപകൻ റിയാസ് മൗലവി വധം, മൂന്ന് പ്രതികളെയും വെറുതെവിട്ടു. മൂന്ന് പ്രതികളും ആർഎസ്എസ് പ്രവർത്തകരായിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആർഎസ്എസ് പ്രവർത്തകർ വീട്ടിലെത്തി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. 2017 മാർച്ച് 20 നാണ് സംഭവം നടന്നത്.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

2017 മാര്‍ച്ച് 20ന് പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.