‘കോൺഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണുഗോപാൽ
ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ ദുരുപയോഗപ്പെടുത്തുകയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജനങ്ങൾ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണുഗോപാൽ പറഞ്ഞു.
രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ ബിജെപിയുടെ ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകിയത്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.