വീടിന് പിന്നിൽ കുളിമുറിക്കടുത്തായി പ്ലാസ്റ്റിക് ബക്കറ്റില്‍ വളർത്തിയത് കഞ്ചാവ് ചെടി; അറസ്റ്റ്
തിരുവനന്തപുരം നേമത്ത് വീട്ടില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വലിയറത്തല ജങ്ഷന് സമീപം വാകഞ്ചാലിയില് വാടകക്ക് താമസിക്കുന്ന പ്രദീപ് (32) ആണ് പിടിയിലായത്. നരുവാമൂട് സി.ഐ അഭിലാഷിനുകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വീടിനുപിറകില്‍ കുളിമുറിക്കടുത്തായി ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ ആണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്നത്. നരുവാമൂട് സി.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മായ ബിനോജ്, പീറ്റര്‍ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അതേസമയം, എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. ‘മാഡ് മാക്സ്’ എന്നറിയപ്പെട്ടിരുന്ന രണ്ടംഗ സംഘത്തെയാണ് വ്യത്യസ്ത ഇനം മയക്ക് മരുന്നുകളുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് ബംബരാണ സ്വദേശി ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32 ) ഇടുക്കി ഉടുമ്പൻ ചോല സ്വദേശി അമൽ വർഗ്ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
പരിശോധനയിൽ ഇവരുടെ കൈയ്യിൽ നിന്നും താമസസ്ഥലത്തുനിന്നുമായി അത്യന്തം മാരകമായയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്കുമരുന്ന് ഗുളികകളും (14.818 ഗ്രാം) കണ്ടെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി ‘മാഡ് മാക്സ് ‘ എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.