National

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ഹര്‍ജി അംഗീകരിക്കാതെ കോടതി

Spread the love

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഉടന്‍ ജാമ്യം അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹര്‍ജി കോടതി അംഗീകരിച്ചില്ല. ഇഡിക്ക് മറുപടി നല്‍കാന്‍ അടുത്ത മാസം രണ്ട് വരെ കോടതി സാവകാശം നല്‍കി. ഹര്‍ജി ഏപ്രില്‍ മൂന്നിന് പരിഗണിക്കും. അറസ്റ്റും തുടര്‍ന്നുള്ള ഇഡി റിമാന്‍ഡും നിയമവിരുദ്ധമായതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയാണ് ഹര്‍ജി പരിഗണിച്ചത്.

മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28വരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. തനിക്കെതിരെ പുറപ്പെടുവിച്ച സമന്‍സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ചൊവ്വാഴ്ച അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആംആദ്മി പാര്‍ട്ടി വ്യാപകമായി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. അറസ്റ്റിന് പിന്നാലെ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ജലവിതരണവുമായി ബന്ധപ്പെട്ടും ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകളുടെയും പരിശോധനകളുടെയും കുറവ് പരിഹരിക്കാനും ഇഡി കസ്റ്റഡിയില്‍ നിന്നാണ് കെജ്‌രിവാള്‍ ഉത്തരവിറക്കിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട പലതവണ ഇഡി സമന്‍സ് അയച്ചെങ്കിലും കെജ്രിവാള്‍ നിരാകരിച്ചതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്.
കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഉള്‍പ്പെടെ 14 എഎപി നേതാക്കളാണ് ഇതുവരെ ഇഡിയുടെ അറസ്റ്റിലായത്. കേന്ദ്രം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.