മദ്യനയ രൂപീകരണ സമയത്തെ ഫോണിനെക്കുറിച്ച് ചോദിച്ചപ്പോൾ മറന്നുപോയെന്ന് പറഞ്ഞു; കെജ്രിവാൾ തങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി
ഡൽഹി മദ്യനയ അഴിമതി കേസിൽ അന്വേഷണത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.മദ്യനയ രൂപീകരണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എവിടെ എന്ന ഇഡിയുടെ ചോദ്യത്തോട് മറന്നുപോയി എന്ന മറുപടിയാണ് കെജ്രിവാൾ നൽകിയത്.കെജ്രിവാൾ ഇറക്കിയ ഉത്തരവിലും ഇഡി അന്വേഷണം ഊർജിതമാക്കി.
മദ്യനയ അഴിമതി കേസിൽ സമൻസുകൾ അവഗണിച്ച കെജ്രിവാൾ നിലവിലെ അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കേജ്രിവാൾ നൽകുന്നില്ല എന്നും ഇഡി ആരോപിക്കുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി കഴിയുമ്പോൾ കോടതിയിൽ കൂടുതൽ ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇഡി നീക്കം.കേജ്രിവാൾ ഇന്നലെ പുറത്തിറക്കിയ ഉത്തരവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളും വർദ്ധിക്കുന്നു.ലോക്കപ്പിൽ കഴിയുന്ന കെജ്രിവാളിന് യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയാണെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. കേജ്‌രിവാളിന്റെ കോലം കത്തിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.കെജ്രിവാളിനെ പിന്തുണയ്ക്കുന്നതിനായി ആം ആദ്മി പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി.രാജ്യത്തെ സംരക്ഷിക്കാനാണ് പോരാട്ടം എന്ന് മന്ത്രി അതിഷി പ്രതികരിച്ചു.നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ആം ആദ്മി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.