World

ഒരിക്കല്‍ ലോകത്തെ തളര്‍ത്തിയ ടി.ബി; അറിയാം ചരിത്രവും ചികിത്സയും; ഇന്ന് ലോക ക്ഷയദിനം

Spread the love

ഇന്ന് ലോക ക്ഷയ രോഗദിനമാണ്. രോഗാവസ്ഥയേയും ചികിത്സാ രീതികളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതുവഴി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

2022ല്‍ 13 ലക്ഷം പേര്‍ ക്ഷയരോഗം മൂലം മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഈ കാലയളവില്‍ ഒരു കോടിയിലധികം പേര്‍ രോഗബാധിതരാകുകയും ചെയ്തു. ചികിത്സിച്ചു ഭേദമാക്കാനാകുന്ന ക്ഷയരോഗത്തെ ചെറുക്കാന്‍ ലോകവ്യാപകമായി നടത്തിയ ശ്രമങ്ങള്‍ വഴി 2000ത്തിനുശേഷം ഇതുവരെ 7.5 കോടിപ്പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗത്തിന് കാരണം. ക്ഷയരോഗബാധിതരില്‍ നിന്നും വായുവിലൂടെയാണ് രോഗം പകരുക. ഈ ബാക്ടീരിയെ കണ്ടെത്തിയതായി ഡോക്ടര്‍ റോബര്‍ട്ട് കോച്ച് പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ സഹായത്തോടെയാണ് ക്ഷയരോഗ ചികിത്സ. പ്രമേഹരോഗികള്‍, എച്ച് ഐ വി ബാധിതര്‍, പോഷകാഹാരക്കുറവുള്ളവര്‍, പുകയില ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ക്ഷയരോഗസാധ്യത കൂടുതലാണ്. നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ വൈദ്യസഹായം തേടണം,

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ക്ഷയരോഗബാധിതരുടെ മൂന്നില്‍ രണ്ടു ശതമാനവും ബംഗ്ലാദേശ്, ചൈന, ഇന്ത്യ, കോംഗോ, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ്. ‘ഉറപ്പായും, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാനാകും’ എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിനത്തിന്റെ പ്രമേയം.