Kerala

അബ്ദുള്ളക്കുട്ടിയോ? സന്ദീപ് വാര്യരോ അതോ മറ്റൊരു വന്‍ സര്‍പ്രൈസോ? വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്ത്?

Spread the love

സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലമായ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും എന്ത് വലിയ സര്‍പ്രൈസാണ് ബിജെപി മാറ്റിവച്ചിരിക്കുന്നതെന്ന ആകാംഷ പെരുകുകയാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. വയനാട്ടിലേതുള്‍പ്പെടെ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലാണ് ഇനി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടത്.

ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത വയനാട്ടില്ല ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യമാണ് ശക്തമാകുന്നത്. മൂന്നാം ഘട്ട പട്ടികയിലും ആ പേരുകണ്ടില്ല. ദേശീയരാഷ്ട്രീയത്തിലെ പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളായ രാഹുല്‍ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയ നേതൃനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമോ. എപി അബ്ദുള്ളക്കുട്ടി, സന്ദീപ് വാര്യര്‍, സികെ ജാനു തുടങ്ങിയ പേരുകളില്‍ ചര്‍ച്ച തുടരുകയാണ്. ചിലപ്പോള്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെത്തിയേക്കാം. എന്തായാലും കഴിഞ്ഞ ദിവസം വരെ അടഞ്ഞുകിടന്നിരുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി ഓഫീസ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ എന്‍ഡിഎ സംവിധാനം സജ്ജമെന്ന് നേതാക്കള്‍. നേതൃയോഗങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പിള്ളിക്ക് ഇവിടെ കിട്ടിയത് 78,816 വോട്ടുകളാണ്. 7.25% മാത്രം. 2014ല്‍ ബിജെപി മത്സരിക്കുമ്പോള്‍ 80,752 വോട്ടുകളായിരുന്നു. വോട്ടുവിഹിതം ഉയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപി വയനാട്ടില്‍മാറ്റുരയ്ക്കുന്നത്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാന്‍, ആദിവാസി നേതാവ് പ്രസീത അഴീക്കോട് തുടങ്ങിയവര്‍ കൂടി മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്. വയനാടിനെ കൂടാതെ കൊല്ലം, എറണാകുളം, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടത്.