‘നരേന്ദ്രമോദി ഇന്ത്യൻ ഹിറ്റ്ലർ’; ആർഎസ്എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന് രാജ്യത്ത് എന്തും ചെയ്യാം എന്ന നിലയാണെന്ന് എംഎ ബേബി
നരേന്ദ്രമോദി ഇന്ത്യൻ ഹിറ്റ്ലറെന്ന് എംഎ ബേബി. നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് എന്ന് വ്യക്തമാണ്. ആർഎസ്എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന് രാജ്യത്ത് എന്തും ചെയ്യാം എന്ന നിലയാണെന്നും എംഎ ബേബി പറഞ്ഞു.
അറസ്റ്റിന് വേണ്ട നടപടികൾ നേരത്തേ തുടങ്ങിയിരുന്നു. ഇത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നതിലൂടെയുള്ള ലക്ഷ്യം എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ്. ഹിറ്റ്‌ലറിൻ്റെ വഴിയേ പോകുന്ന നരേന്ദ്രമോദി സർക്കാരിൻ്റെ അന്ത്യദിനങ്ങൾ എണ്ണപ്പെട്ടു എന്നും അദ്ദേഹം പ്രതികരിച്ചു.
കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധത്തിനാണ് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും ഒരുങ്ങുന്നത്. ഇ ഡി നടപടിക്കെതിരായ കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.
ഇഡി ഓഫീസിൽ എത്തിച്ച കെജ്‌രിവാളിന്‍റെ മെർഡിക്കൽ പരിശോധന ഉടൻ നടക്കും. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. അതേസമയം കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആം ആദ്മിയുടെ നിലപാട്. എന്നാൽ ജയിലിൽ കിടന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
ഇ ഡിയുടെ അറസ്റ്റോടെ ഏതെങ്കിലും ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി കെജ്രിവാള്‍ മാറുകയാണ്. 12 അംഗ ഇ ഡി സംഘമാണ് ഇന്നലെ വൈകീട്ടോടെ കെജ്‌രിവാളിന്റെ വസിതിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്. വസതിയില്‍ നിന്ന് അഞ്ചു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. അപ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.