Kerala

ഭാരത് റൈസിനെതിരായ വിമർശനങ്ങൾ മറയ്ക്കാനാണ് കെ റൈസിനെതിരെയുള്ള ബിജെപി ആരോപണം: ഭക്ഷ്യമന്ത്രി

Spread the love

കെ റൈസിൽ അഴിമതിയെന്ന പി കെ കൃഷ്ണദാസിൻറെ ആരോപണം തള്ളി ഭക്ഷ്യമന്ത്രി. ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത് സുതാര്യമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭാരത് റൈസിനെതിരായ വിമർശനങ്ങളിൽ ജാള്യത മറയ്ക്കാനാണ് ആരോപണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കെ-റൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞിരുന്നു. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക ജയ അരിയാണ് ഇത്.

40.15 രൂപയ്‌ക്ക് നമ്മുടെ സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില. വിജിലൻസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നെങ്കിൽ ഇതിലും കുറവ് പണത്തിന് ലഭിക്കുമായിരുന്നു.

നിലവിലെ നിയമം അനുസരിച്ച് കരാറിൽ 3 പേർ എങ്കിലും പങ്കെടുക്കണം. എന്നാൽ ഇവിടെ അതുണ്ടായില്ല. സിപിഐഎം- സിപിഐ സംയുക്ത അരി കുംഭകോണമാണിത്. അതുകൊണ്ട് കെ-റൈസ് കരാർ അടിയന്തരമായി റദ്ദ് ചെയ്യണം. സമഗ്രമായ അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.