Monday, January 27, 2025
National

‘വിശ്വാസം വ്രണപ്പെടുത്തുന്നത്’; ‘ശക്തി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Spread the love

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. ‘ശക്തി’ പരാമര്‍ശത്തിലാണ് ബിജെപിയുടെ നീക്കം.

രാഹുലിന്‍റെ പ്രസ്താവന ഹിന്ദുമത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതെന്നും പരസ്പര വൈരം വളർത്തുന്നതെന്നും ബിജെപി പരാതിയില്‍ പറയുന്നു.

മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ ആയിരുന്നു രാഹുലിൻ്റെ ‘ശക്തി’ പരാമര്‍ശം. തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിന്) ആണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.

എന്നാല്‍ രാഹുലിന്‍റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും, ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം. തുടര്‍ന്ന് രാഹുലിന്‍റെ ‘ശക്തി’ പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ചയായി.
തന്‍റെ വാക്കുകള്‍ പലപ്പോഴും വളച്ചൊടിക്കുകയാണ് , മോദി തെറ്റിദ്ധാരണ പരത്തുന്നുവെന്നും താനുദ്ദേശിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെകുറിച്ചാണ്, അത് മോദിയെ കുറിച്ച് തന്നെയാണ്- അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്, അതിനാലാണാ വാക്ക് വളച്ചൊടിക്കുന്നതെന്നുമായിരുന്നു രാഹുലിന്‍റെ വിശദീകരണം. ഇതിന് ശേഷമാണിപ്പോൾ ഇതേ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.