Kerala

എന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് വി എസ് സുനില്‍കുമാര്‍

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതില്‍ നടന്‍ ടൊവിനോ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ താരത്തിനൊപ്പം നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പിന്‍വലിച്ച് വി എസ് സുനില്‍ കുമാര്‍. കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂചിപ്പിച്ചതോടെയാണ് നടപടി. ടൊവിനോയ്‌ക്കൊപ്പമുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും വി എസ് സുനില്‍ കുമാര്‍ നീക്കം ചെയ്തിട്ടുണ്ട്.

തന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് തന്റെ വിജയാശംസകള്‍ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ പ്രചാരണത്തെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് വി എസ് സുനില്‍കുമാര്‍ ടൊവിനോയെ കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ഈ ചിത്രത്തില്‍ തൃശൂരിന്റെ മിന്നും താരങ്ങളെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി സിപിഐ ചിഹ്നവും വി എസ് സുനില്‍കുമാറിനെ വിജയിപ്പിക്കുക എന്ന വാക്യവും ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.