Kerala

INDIA മഹാറാലിയിൽ പങ്കെടുക്കാതിരുന്ന സിപിഐഎം ഒറ്റുകാർ; ഇത് സ്വാതന്ത്ര്യ സമരകാലം മുതൽ തുടങ്ങിയത്: എംഎം ഹസൻ

Spread the love

മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളർത്താൻ ശ്രമിച്ചു എന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. സ്വാതന്ത്ര്യസമരകാലം മുതൽ തുടങ്ങിയതാണ് ഇവരുടെ അഞ്ചാംപത്തി പ്രവർത്തനം എന്നും ഹസൻ പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടുന്ന സിപിഐ പോലും പ്രതിനിധിയെ അയച്ചപ്പോൾ സിപിഐഎം ചരിത്രദൗത്യം ആവർത്തിച്ചു. പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന് സംരക്ഷിക്കാനാണ് സിപിഐഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് പരാമർശിച്ചു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. സിപിഐഎമ്മിന് വിപി സിംഗ് സർക്കാരിനെ ബിജെപിയോടൊപ്പം ചേർന്ന് താങ്ങിനിർത്തിയ ചരിത്രവുമുണ്ടെന്നും ഹസൻ കുറ്റപ്പെടുത്തി.

റാലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച സിപിഐഎമ്മിനെ വിമർശിച്ച് ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയും കെസിയും മത്സരിക്കുന്നതാണ് ഇത്തവണ റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണം പറയുന്നത്. എങ്കിൽ കശ്മീരിൽ പങ്കെടുക്കത്തത് എന്ത് കൊണ്ടായിരുന്നു? സിപിഐഎം ബിജെപിക്ക് പാത ഒരുക്കുകയാണ്. അവർ തമ്മിലുള്ള ബന്ധം പുറത്താവുകയാണ്. സിഎഎയ്ക്കെതിരെ സമരം ചെയ്യുന്നവർ എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.