ആശാന് പത്മഭൂഷന്‍ വേണ്ടേയെന്ന് പ്രശസ്ത ഡോക്ടര്‍ ചോദിച്ചു, സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാന്‍ നോക്കി; വിവാദ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്‍
സുരേഷ് ഗോപിയ്ക്കായി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ പല വിഐപികളും ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ. ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടില്‍ കയറരുതെന്ന് ഉള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ രഘു പിന്‍വലിച്ചിരിക്കുന്നത്. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടര്‍ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കുകയെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
പ്രശസ്ത ഡോക്ടര്‍ തന്റെ പിതാവിനോട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞെന്നും കലാമണ്ഡലം ഗോപി അത് നിരസിച്ചെന്നും പോസ്റ്റിലൂടെ രഘു പറയുന്നുണ്ട്. ആവശ്യം നിരസിച്ചതിന് പിന്നാലെ ഡോക്ടര്‍ ആശാന് പത്മഭൂഷന്‍ കിട്ടേണ്ടേയെന്ന് ചോദിച്ചുവെന്നും പോസ്റ്റിലൂടെ രഘു വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ തനിക്ക് പത്മഭൂഷന്‍ കിട്ടേണ്ടെന്ന് കലാമണ്ഡലം ഗോപി ആ ഡോക്ടറോട് പറഞ്ഞതായും രഘുവിന്റെ പോസ്റ്റിലുണ്ടായിരുന്നു.
എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിയ്ക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. വിഷയം വിവാദമാക്കേണ്ടതില്ലെന്ന് വി എസ് സുനില്‍ കുമാറും പറഞ്ഞു.