ആദ്യ കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി കാപിറ്റല്‍സും ആര്‍സിബിയും നേര്‍ക്കുനേര്‍; വനിതാ ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്
ദില്ലി: വനിതാ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരെ ഇന്നറിയാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യകിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി കാപിറ്റല്‍സും. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ഫൈനലിലേക്ക് മുന്നേറിയത് ആധികാരികമായി. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് കളിയില്‍ ആറിലും ജയം. പ്ലേ ഓഫില്‍ ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചത് ഏഴ് വിക്കറ്റിന്. മെഗ് ലാന്നിംഗ് നയിക്കുന്ന ഡല്‍ഹിക്ക് ഷെഫാലി വര്‍മ നല്‍കുന്ന തുടക്കം നിര്‍ണായകം.
ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ മറികടന്നത് അഞ്ച് റണ്ണിന്. എല്ലിസ് പെറിയുടെ ഓള്‍റൌണ്ട് കരുത്തും സ്മൃതി മന്ദാനയുടെ ബാറ്റിഗ് മികവും നിര്‍ണായകം. ഡല്‍ഹിയുടെ മിന്നു മണിയും ബാംഗ്ലൂരിന്റെ ആശ ശോഭനയുമാണ് ഫൈനലിലെ മലയാളി സാന്നിധ്യം. നേര്‍ക്കുനേര്‍ കണക്കില്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ ആധിപത്യം. നേരിട്ട നാല് കളിയിലും ബാംഗ്ലൂരിനെ തോല്‍പിച്ചു. ഫൈനലില്‍ സ്പിന്നര്‍മാരുടെ മികവാകും ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക.
എലിമിനേറ്ററില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. മലയാളി താരം ആശാ ശോഭനയുടെ അവസാന ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി.