കേരളം വിധിയെഴുതാൻ ഇനി 40 ദിവസം, കൊടും ചൂടിലും കളം നിറച്ചുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് ഇനിയുള്ള 40 ദിവസം പരമാവധി കളം നിറച്ചുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് സംസ്ഥാനത്ത് മുന്നണികൾ. ചൊവ്വാഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും. പാലക്കാടാണ് മോദിയുടെ റോഡ് ഷോ. ആഴ്ച അവസാനത്തോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വമ്പൻ വരവേൽപ്പ് ഒരുക്കാനാണ് യുഡിഎഫ് നീക്കം. സിഎഎയിൽ മാത്രം ഊന്നിയുള്ള പ്രചാരണത്തിലാണ് ഇടത് നീക്കം. കൊടും വെയില്, നാല്പത് ദിവസം പ്രചാരണത്തിന് വൻതുകയും ആവശ്യമാണ്. ഈ രണ്ടു വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.
ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും ഇതുവരെ ഉയർത്തിയ ആവേശം ഒട്ടും കുറക്കാൻ മുന്നണികള്‍ തയ്യാറാല്ല.ഒന്ന് മെല്ലെപ്പോക്ക് നടത്തിയാൽ പോരിൽ പിന്തള്ളപ്പെടുമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പേടി. ഓരോ വോട്ടും സീറ്റും അത്ര നിർണ്ണായകമാണ്. രണ്ടാം ഘട്ടത്തിനപ്പുറത്തേക്ക് പോളിംഗ് പോയാലായിരുന്നു ആശങ്ക കൂടുതൽ. തിയ്യതിയിൽ ആകെയുള്ള പ്രശ്നം വെള്ളിയാഴ്ചാണ് വോട്ടെടുപ്പ് എന്നതാണ്. വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലീം സംഘടനകള്‍.
ഇതിനിടെ, എന്‍ഡിഎയുടെ പ്രചാരണം സജീവമാക്കാൻ മൂന്ന് മാസത്തിനുള്ളിൽ അഞ്ചാം തവണയും മോദി കേരളത്തിലേക്ക് വരുകയാണ്. തിയ്യതി പ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ചത്തെ മോദിയുടെ പാലക്കാടൻ റോഡ് ഷോ ചരിത്രമാക്കാനാണ് ബിജെപി നീക്കം. ന്യായ് യാത്ര പൂർത്തിയാക്കിയുള്ള രാഹുൽ ഗാന്ധിയുടെ വയനാടൻ വരവിന് കാത്തിരിക്കുകയാണ് യുഡിഎഫ്. സിഎഎ ക്കെതിരെ രാഹുൽ ഒന്നും ചെയ്തില്ലെന്ന സിപിഎമ്മിന്റെ കടന്നാക്രമണത്തിനിടെയാണ് രാഹുൽ എത്തുന്നത്. 2019ൽ ഇടതിനെ അങ്ങിനെ വിമർശിക്കാതിരുന്ന രാഹുൽ പക്ഷെ ഇത്തവണ പൗരത്വനിയമഭേദഗതിയിലടക്കം ഇടതിന് മറുപടി പറയുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സിഎഎയിൽ മാത്രം ഫോക്കസ് ചെയ്ത് പോകാനാണ് എൽഡിഎഫ് തീരുമാനം.
വലിയൊരിടവേളക്ക് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചതും കോൺഗ്രസിനോട് ചോദ്യങ്ങൾ ചോദിച്ചതും ഇതിന്റെ ഭാഗമാണ്. സിഎഎ വഴി ഭരണവിരുദ്ധവികാരത്തിന് തടയിടാമെന്നതാണ് നേട്ടം. സിഎഎയിൽ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ പ്രതിപക്ഷനേതാവ് മറുപടി നൽകി. പക്ഷെ ഇനിയും സിഎഎയിൽ മാത്രം ഒതുങ്ങിപ്പോകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുതൽ സിദ്ധാർത്ഥന്റെ മരണം വരെ സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ ഊന്നാണ് കോൺഗ്രസ് തീരുമാനം.