യോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തെ അവഗണിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് സക്കാത്ത് നഗർ നിവാസികൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് ഓങ്ങല്ലൂർ കൊണ്ടൂർക്കര സക്കാത്ത് നഗർ നിവാസികൾ. പ്രദേശത്തേക്ക് സഞ്ചാര യോഗ്യമായ റോഡ് വേണമെന്നുള്ള വർഷങ്ങളുടെ ആവശ്യത്തെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇവിടുത്തെ കുടുംബങ്ങൾ വോട്ട് ബഹിഷികരിക്കുന്നത്.
ഓങ്ങല്ലൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടൂർക്കര സക്കാത്ത് നഗറിലെ കുടുംബങ്ങളാണ് സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാൽ വർഷങ്ങളായി യാത്രാ ദുരിതം അനുഭവിക്കുന്നത്. പത്ത് വർഷത്തോളമായി പ്രദേശത്തേക്കുള്ള പാത തകർന്ന സ്ഥിതിയിലാണ്. മഴക്കാലമായാൽ ചളി നിറഞ്ഞ് കാൽനടയത്രപോലും ദുസ്സഹം. വേനലിലാകട്ടെ പൊടിശല്യവും രൂക്ഷം.
അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തങ്ങളുടെ പ്രദദേശത്തേക്കുള്ള റോഡ് നിർമ്മിക്കാൻ അധികൃതർ ഇടപെടുന്നത് വരെ ഇനി വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് ഈ നാട്ടുകാർ. പ്രദേശത്തുകാർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും റോഡിന്റെ കാര്യത്തിൽ ഒറ്റക്കെട്ടായ തീരുമാനത്തിലാണ്.