Kerala

2019ലെ ചിന്താഗതിയല്ല ജനങ്ങള്‍ക്കിപ്പോള്‍; കോണ്‍ഗ്രസിനെ ജനം വിലയിരുത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

Spread the love

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും യുഡിഎഫ് ഭരണം ജനം വിലയിരുത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും രണ്ട് കൂട്ടരും ബിജെപിക്ക് എതിരാണ്. പക്ഷേ രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടണം. പക്ഷേ ഇത്തവണ ജനങ്ങള്‍ മാറിച്ചിന്തിക്കുന്നത് എല്‍ഡിഎഫിനോടോ ഇടതുപക്ഷത്തിനോടോ വിരോധമുള്ളതുകൊണ്ടല്ലെന്നും കോണ്‍ഗ്രസ് ചെയ്തത് അവര്‍ വിലയിരുത്തുകയാണുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. അന്ന് ഒരു സീറ്റ് മാത്രമായിരുന്നു എല്‍ഡിഎഫിന്. അഞ്ച് വര്‍ഷമായി മുന്നിലുള്ള അനുഭവങ്ങള്‍ കണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിഷണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 4ന് വോട്ടെണ്ണും. ഏപ്രില്‍ 4ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രില്‍ 5നാണ് സൂക്ഷ്മ പരിശോധന.

ആദ്യഘട്ടത്തില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശില്‍ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളില്‍ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.