National

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം

Spread the love

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം. റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 15,000 രൂപയുടെയും ബോണ്ടും ആള്‍ ജാമ്യവും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡി നല്‍കിയിരുന്ന പരാതിയിലായിരുന്നു ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു സമന്‍സുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇഡി കോടതിയെ സമീപിച്ചിരുന്നത്.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ ഇഡി ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കവിതയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉള്‍പ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.