National

മാമ്പഴം തരാമെന്ന് പറഞ്ഞ് വിളിച്ചു, 10 വയസുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

Spread the love

തമിഴ്നാട്ടിൽ 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ധർമ്മപുരി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ തെരഞ്ഞിറങ്ങി. മകൻ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളിൽ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു.

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പോയത് പതിനേഴുകാരനൊപ്പമാണെന്ന് സ്ഥിരീകരിച്ചു. പതിനേഴുകാരൻ ഇരയ്‌ക്കൊപ്പം വയലിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ കുട്ടിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ താൻ ലൈംഗികമായി പീഡിപ്പിച്ചു. വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും പ്രതി. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി കിണർ പരിശോധിച്ചു. നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.