Kerala

‘പൗരത്വ നിയമത്തിൽ കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; INDIA മുന്നണിയിൽ വിശ്വാസക്കുറവെന്ന് എംവി ഗോവിന്ദൻ

Spread the love

കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാതായി. INDIA മുന്നണിയിൽ വിശ്വാസക്കുറവുണ്ട് എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

ആരാണ് ബിജെപിയിലേക്ക് പോകാതിരിക്കുക എന്നൊരു ഗ്യാരണ്ടിയും ഇല്ല. ദേശീയ തലത്തിൽ പോലും എല്ലാ തരത്തിലും ദുർബലപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിലും കെ.സി.വേണുഗോപാൽ ആലപ്പുഴയിലും ഒതുങ്ങി. കോൺഗ്രസിൽ സംഘടന നോക്കാൻ ആളില്ലാതായി.

മൃദുഹിന്ദുത്വ നിലപാട് പൗരത്വ നിയമത്തിൽ തെളിഞ്ഞു. പൗരത്വ നിയമത്തിലെ കോൺഗ്രസ്സിന്റെ മൗനം മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണ്. നിയമം നടപ്പാക്കരുത് എന്ന് കോൺഗ്രസിന് ആഗ്രഹമില്ല. കേരളത്തിൽ കോൺഗ്രസ്സ് കാണിക്കുന്നത് കാപട്യം നിറഞ്ഞ സമീപനമാണ്. തെരഞ്ഞെടുപ്പ് ആയതു കൊണ്ടു മാത്രം നിയമത്തെ എതിർക്കുന്നു. നിന്ന് പിഴയ്ക്കാനുള്ള കാപട്യം മാത്രമാണ് എടുക്കുന്നത്.

INDIA മുന്നണിയിൽ വിശ്വാസക്കുറവുണ്ട്. മുന്നണി എന്ന രീതിയിൽ പോകാൻ സാധിക്കില്ലെന്ന് മുൻപേ ഉറപ്പുണ്ട്. രാഷ്ട്രീയ വിഷയമായി INDIA മുന്നണിയെ മുന്നോട്ടു വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഓരോ സംസ്ഥാനങ്ങളും ഓരോ യൂണിറ്റായി എടുത്താൽ ഭാവിയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ചോരാതെ ഫലപ്രദമായി ബിജെപിയെ പ്രതിരോധിക്കണം. അതിനു നേതൃത്വപരമായ പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന് വ്യക്തമായി.

പത്മജ പോയതിൽ മുഖ്യമന്ത്രിയെ പഴിക്കുന്നത് കനഗോലു സിദ്ധാന്ദമാണ്. എന്തുണ്ടായാലും മുഖ്യമന്ത്രിയെ കുറ്റം പറയണം. കെ സി വേണുഗോപാൽ നടപ്പാക്കുന്നത് അതാണ്. അതിനൊന്നും മറുപടി അർഹിക്കുന്നില്ല. എന്തൊക്കെയോ അങ്ങ് വിളിച്ചു പറയുകയാണ്. പ്രതിപക്ഷ നേതാവ് കാണിക്കേണ്ട നിലവാരമല്ല വി.ഡി സതീശൻ കാണിക്കുന്നത്.

മുസ്ലിങ്ങൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്ടമായി. കോൺഗ്രസ് ഒരു നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ യുഡിഎഫിലെ ഭൂരിപക്ഷം തയ്യാറല്ല. കോൺഗ്രസ് ഹിന്ദുത്വ അജണ്ട തുടരുകയാണ്. നയമില്ലാതായാൽ ലീഗ് എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കും? കേരളത്തിലെ മുസ്‌ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും കോൺഗ്രസിൽ വിശ്വാസമില്ല.

പൗരത്വ നിയമത്തിന്റെ മറവിലും കലാപമുണ്ടാക്കാൻ ശ്രമം നടക്കുന്നു. പല സംഭവങ്ങളിലും കലാപമുണ്ടാക്കാൻ കോൺഗ്രസും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നു. കേരളം ആയതു കൊണ്ടു മാത്രം നടക്കുന്നില്ല എന്നേ ഉള്ളൂ. ജനങ്ങൾ അവരോടൊപ്പം പോകുന്നില്ല, വിശ്വാസത്തിൽ എടുക്കുന്നില്ല.

എൽഡിഎഫ് ബിജെപിയെയും കോൺഗ്രസിനെയും ശക്തമായി നേരിടുകയാണ്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ ഒഴുകി പോകുന്ന പശ്ചാത്തലമാണ്. ചില മണ്ഡലങ്ങളിൽ ബിജെപിയുമായും കോൺഗ്രസുമായും ഇടതുമുന്നണി ശക്തമായ മത്സരം നടത്തും. ത്രികോണ മത്സരം ഉണ്ടെന്നു മാത്രമാണ് ഇപി ജയരാജൻ പറഞ്ഞത്. ബിജെപിയുടെ ബി ടീം ക്യാപ്റ്റൻ പരാമർശം തോന്നിയവാസം. തോന്നിയവാസം പറയുന്നതിന് മറുപടിയില്ല. കനഗോലു എഫക്ട് ബാധിച്ചതിന്റെ കുഴപ്പമാണ്. കനഗോലു എഫക്ട് കേരളതത്തിൽ തിരിച്ചടിക്കും. കേരളത്തിന്‌ യോജിച്ചതല്ല കനഗോലു സിദ്ധാന്തം എന്ന് കോൺഗ്രസ്സ് മനസ്സിലാക്കണം. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടക്കില്ല. കളവു പ്രചരിപ്പിക്കാൻ കഴിയുന്നുണ്ട്. കള്ളപ്രചാര വേലയല്ലാതെ കോൺഗ്രസിന് മറ്റൊന്നുമില്ല.

കെ-റൈസ് ജനങ്ങളെ സഹായിക്കാനുള്ളതാണ്. വ്യവസ്ഥാപിതമായ രീതിയിലാണ് കെ റൈസ് നടപ്പിലാക്കുന്നത്. ഭാരത് റൈസിൽ സുതാര്യത ഉണ്ടായിരുന്നില്ല എന്നും എംവി ഗോവിന്ദൻ പറയുന്നു.