Kerala

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

Spread the love

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ലിമെന്ററി ജനാധിപത്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും പൗരത്വത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഇല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കമാണിത്. പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തിൽ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഐഎമ്മിന്റെ നിലപാട്. എന്നാൽ കോൺഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാൽ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ജനകീയ വിഷയങ്ങളെ മറികടക്കാന്‍ ആണ് ബിജെപി ശ്രമമെന്നും കള്ളപ്പണം ബിജെപിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് വിശദമാംശങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്നാണ് ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയെ സംരക്ഷിക്കാന്‍ നോക്കിയ എസ്ബിഐ വെട്ടിലായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.