Kerala

ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല

Spread the love

ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല. ഇൻസ്‌പെക്ഷൻ വിങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരു ദിവസം 20 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ആലപ്പുഴയിലെ ബോട്ടുജെട്ടിയിലെ ഔട്ട്‌ലറ്റിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. പണം മാറ്റിയത് റീജിയണൽ മാനേജരാണെന്ന് ജീവനക്കാർ മൊഴി നൽകി.

വീട് പണിയുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കായി പണം റോൾ ചെയ്‌തെന്നാണ് റീജിയണൽ മാനേജർ പരിശോധനക്കെത്തിയവരോട് പറഞ്ഞിരിക്കുന്നത്. ഒരു ദിവസം 20 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ആലപ്പുഴയിലെ ബോട്ടുജെട്ടിയിലെ ഔട്ട്‌ലറ്റിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. വിദേശമദ്യ നിർമ്മാതാക്കൾ നൽകുന്ന കമ്മീഷൻ സംബന്ധിച്ച് ജീവനക്കാർക്കിടയിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ക്രമക്കേട് വിവരം പുറത്തുവരുന്നത്. തുടർന്നാണ് രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ഷൻ വിങ് മിന്നൽ പരിശോധന നടത്തിയത്.

ആറു മാസത്തിലൊരിക്കലാണ് ഔട്ടലറ്റിൽ ഓഡിറ്റ് നടക്കുന്നത്. അതിനാൽ ഓഡിറ്റ് വരുന്നതിന് മുൻപ് പണം തിരികെ വെക്കാനായിരുന്നു നീക്കം. എറണാകുളത്ത് നിന്നെത്തിയ ഇൻസ്‌പെക്ഷൻ വിങ്ങാണ് പരിശോധന നടത്തിയത്. റീജിയണൽ മാനേജരായ പി സുനിൽ കൺസ്യൂമർഫെഡ് അസോസിയേഷന്റെ സിഐടിയുവിന്റെ നേതാവാണ്. അതിനാൽ പണം തിരികെ നൽകി ഒത്തുതീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.