Kerala

സിദ്ധാര്‍ത്ഥന്റെ മരണം; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Spread the love

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുടരന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ, കാശിനാഥന്‍, അമീര്‍ അക്ബര്‍ അലി, അരുണ്‍, അമല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. കല്‍പ്പറ്റ കോടതിയില്‍ തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

18 പ്രതികളുടെയും ഫോണുകള്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ മര്‍ദന ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്നത് നേരില്‍ കണ്ടെന്ന് ഇടുക്കി സ്വദേശി അക്ഷയ് മൊഴി നല്‍കി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീന്‍ എം കെ നാരായണനെയും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഏറെ ദുരൂഹതകളും ചോദ്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. സിദ്ധാര്‍ത്ഥന്റെ നീതി ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങളും നടന്നിരുന്നു.