കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും, 12 റോഡുകൾക്ക് 1312.67 കോടി അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും . കോഴിക്കോട്ടെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ റോഡുകളുടെ വികസനം. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.
റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപയ്ക്കും റോഡുകളുടെ നിർമ്മാണത്തിന് 592.28 രൂപയ്ക്കും ആണ് അനുമതി ആയത്. റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. മിഷൻ 20 – 30 യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
12 റോഡുകളുടെയും വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് സ്പെഷ്യൽ ടീമിനെ നിയമിക്കുന്ന കാര്യം ധനകാര്യ മന്ത്രിയുമായി ചർച്ച ചെയ്യും. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഈ റോഡുകളുടെ നവീകരണം നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
മാളിക്കടവ് – തണ്ണീർ പന്തൽ റോഡ്(16.56 കോടി), കരിക്കാംകുളം – സിവിൽ സ്റ്റേഷൻ – കോട്ടൂളി (84.54), മൂഴിക്കൽ – കാളാണ്ടിത്താഴം (25.63), മാങ്കാവ് – പൊക്കുന്ന് – പന്തീരാങ്കാവ് (199.57), മാനാഞ്ചിറ – പാവങ്ങാട് (287.34), കല്ലുത്താൻകടവ് – മീഞ്ചന്ത (153.43), കോതിപ്പാലം – ചക്കുംകടവ് – പന്നിയങ്കര ഫ്ളൈ ഓവർ (15.52), സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം ജംഗ്ഷൻ (11.79), മിനി ബൈപ്പാസ് – പനാത്തുതാഴം ഫ്ളൈ ഓവർ (75.47), അരയിടത്തു പാലം – അഴകൊടി ക്ഷേത്രം – ചെറൂട്ടി നഗർ (28.82), രാമനാട്ടുകര -വട്ടക്കിണർ (238.96), പന്നിയങ്കര – പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചത്.