പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്‍റ, പത്മജയെ ബിജെപിയിൽ എത്തിച്ചതും ബെഹ്റ തന്നെ; കെ. മുരളീധരൻ
പത്മജയെ ബിജെപിയിൽ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് വീണ്ടും ആരോപിച്ച് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്‍റയാണ്. ബെഹ്റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം മാത്രം. പത്മജക്ക് മറുപടി പറയാനില്ലെന്നും ബി ജെ പി ക്കാരിയുടെ ജൽപനങ്ങൾക്ക് മറുപടി പറയാൻ മനസില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പത്മജയുടെ ബി.ജെ പി പ്രവേശനത്തിന് പിന്നിൽ ലോക്നാഥ് ബെഹ്റയെന്ന ആരോപണത്തോട് പ്രതികരിച്ച് പത്മജ വേണുഗോപാൽ രംഗത്തെത്തി. ബെഹ്റ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത് ഡൽഹിയിൽ നിന്ന് നേരിട്ടാണെന്നും അവർ അവകാശപ്പെട്ടു.
തൃശൂരിലെ മൂന്ന് സ്ഥാനാർത്ഥികളും ശക്തരാണ്. തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കാലുവാരുന്ന സ്വഭാവം ഉള്ളവരാണ്. കെ. മുരളീധരൻ്റെ മനസ്സ് ഇപ്പോഴും വട്ടിയൂർക്കാവിൽ തന്നെയാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമായിരുന്നു ബിജെപി നൽകിയത്. കോണ്‍ഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കി.
തന്റെ തോല്‍വിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചു.