Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: കളം പിടിക്കാൻ കോൺഗ്രസ്, മണ്ഡലങ്ങളിൽ സജീവമാകാൻ സ്ഥാനാർത്ഥികൾ

Spread the love

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തൃശൂർ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമാകും. തൃശൂരിൽ കെ മുരളീധരനും വടകരയിൽ ഷാഫി പറമ്പിലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും.

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം ഒരു ദിവസത്തിന് അപ്പുറം വാർത്തയല്ലാതാക്കി മാറ്റിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കെ മുരളീധരൻ തൃശ്ശൂരിൽ എത്തിയതോടെ ബിജെപിയെ നേരിടാൻ കോൺഗ്രസ് എന്ന പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മുസ്ലീം ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യവും അവസാന നിമിഷം വരെ നീണ്ടു നിന്ന സസ്പെൻസും അവസാനിപ്പിച്ച് 20 സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളായതോടെ ഇനി പ്രചാരണം വീറും വാശിയുമുള്ളതാവും.

അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായെങ്കിലും ഒരു ഭിന്ന സ്വരങ്ങളും ഉയരാതെ പ്രചാരണ രംഗത്തേക്ക് ഇറങ്ങുന്നു എന്നതാണ് കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നത്. എന്നാൽ 19 -1 എന്ന കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുക ഇത്തവണ എളുപ്പമാവില്ല. സീറ്റ് എണ്ണം കുറഞ്ഞാൽ നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ കരുത്ത് ചോദ്യം ചെയ്യപ്പെടും. രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, കെ സുധാകരൻ ശശി തരൂർ, കെ മുരളീധരൻ തുടങ്ങി തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കൾ എല്ലാം ഒരു സംസ്ഥാനത്ത് മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകത കേരളത്തിലുണ്ട്.

സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കൊണ്ടുവന്ന വിവിധ അഴിമതി ആരോപണങ്ങളും മാസപ്പടി വിവാദവും ഒടുവിൽ പെൻഷനും ശമ്പളവും അടക്കം സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ആയുധങ്ങൾ ഏറെയുണ്ട്. രാവിലെ പത്തരയോടെ തൃശൂരിൽ എത്തുന്ന സർപ്രൈസ് സ്ഥാനാർത്ഥി കെ മുരളീധരന് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ വമ്പൻ സ്വീകരണം ഒരുക്കും.

തുടർന്ന് തൃശൂർ റൗണ്ടിൽ അദ്ദേഹത്തിൻ്റെ റോഡ് ഷോ ഉണ്ടാകും. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ മുരളീധരൻ പുഷ്പാർച്ചന നടത്തും. വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കുക. ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഒഴികെ ബാക്കിയുള്ളവർ മണ്ഡലങ്ങളിൽ ഉടൻ സജീവമാകും.