കോൺഗ്രസിന് തിരിച്ചടി; മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിൽ. പച്ചൗരിയെ കൂടാതെ മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദിയും പാർട്ടിയുടെ മുൻ എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.
ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് പച്ചൗരി, രാജുഖേദി, മുൻ എംഎൽഎമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവർ അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പച്ചൗരി നാല് തവണ രാജ്യസഭാംഗമായിരുന്നു. കൂടാതെ കേന്ദ്ര പ്രതിരോധ (പ്രതിരോധ ഉൽപ്പാദനവും വിതരണവും) സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനം ഉൾപ്പെടെ കോൺഗ്രസിൻ്റെ നിരവധി പ്രധാന സ്ഥാനങ്ങൾ പച്ചൗരി നേരത്തെ വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖ ആദിവാസി നേതാവായ രാജുഖേദി ധാർ ലോക്സഭാ സീറ്റിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു – 1998, 1999, 2009. കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് 1990-ൽ ബിജെപി എംഎൽഎ ആയിരുന്നു അദ്ദേഹം.