വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ കൊച്ചിയിൽ ചികിത്സയിലിരിക്കെ മരിച്ചു
വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്വയം സന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹത്തെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്‍റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്‍റേയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്‍റ് ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി.