ജിം കോർബറ്റ് പാർക്കിലെ മരംമുറി; ഉത്തരാഖണ്ഡ് മുൻ വനം മന്ത്രിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ജിം കോർബറ്റ് നാഷണൽ പാർക്കിൽ മരങ്ങൾ വെട്ടിമാറ്റി അനധികൃത നിർമാണത്തിന് അനുമതി നൽകിയ ഉത്തരാഖണ്ഡ് മുൻ വനം മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരക് സിംഗ് റാവത്തിനും മുൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കിഷൻ ചന്ദിനുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊതുജനവിശ്വാസം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്ന കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ജസ്റ്റിസ് പി.കെ മിശ്ര, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിമർശനം ഉന്നയിച്ചത്. കോർബറ്റ് നാഷണൽ പാർക്കിൽ ടൈഗർ സഫാരിയും മൃഗശാലയും സ്ഥാപിക്കാനുള്ള മുൻ ഉത്തരാഖണ്ഡ് സർക്കാരിൻ്റെ നിർദേശത്തെ ചോദ്യം ചെയ്താണ് ബൻസാൽ ഹർജി നൽകിയത്. വ്യവസ്ഥകൾ പൂർണമായും അവഗണിച്ച റാവത്തിൻ്റെയും ചന്ദിൻ്റെയും ധൈര്യം അത്ഭുതപ്പെടുത്തിയെന്ന് കോടതി.
റാവത്തും ചന്ദും ചെയ്തത് നഗ്നമായ നിയമലംഘനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ മറവിൽ വാണിജ്യ ആവശ്യങ്ങൾക്കായി മരങ്ങൾ കൂട്ടത്തോടെ വെട്ടിമാറ്റി കെട്ടിടങ്ങൾ പണിതു. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും പൊതുവിശ്വാസത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ കേസാണിതെന്നും ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ മൂന്ന് മാസത്തിനകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.