National

മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതിന് സാക്ഷിയെന്ന് വിദേശി; പരാതിപ്പെടാതെ പോസ്റ്റിട്ട് രാജ്യത്തെ അപമാനിക്കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

Spread the love

ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്‌സ് പോസ്റ്റില്‍ വിവരിക്കുന്നു. യാത്രകള്‍ക്കിടയില്‍ ലൈംഗിക അതിക്രമം നേരിട്ടിട്ടില്ലാത്ത സ്ത്രീകള്‍ വിരളമാണ്. എനിക്ക് ഇന്ത്യ ഇഷ്ടമാണ്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമാണ്. കാലത്തിനനുസരിച്ച് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് എഴുതി.

ഇന്ത്യയില്‍ വച്ച് സാക്ഷിയായ ലൈംഗിക അതിക്രമത്തെക്കുറിച്ച് പോസ്റ്റിട്ട വിദേശിയുടെ എക്‌സ് പോസ്റ്റിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്‌സ്‌കോയുമായാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ തര്‍ക്കിച്ചത്. ലൈംഗിക അതിക്രമത്തിന് സാക്ഷിയായപ്പോള്‍ തന്നെ അത് പൊലീസിനോട് പറയാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് ഇന്ത്യയെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു രേഖാ ശര്‍മ്മയുടെ പ്രതികരണം.

ലൈംഗിക അതിക്രമങ്ങള്‍ക്ക് സാക്ഷിയായ വേളയില്‍ തന്നെ അത് പൊലീസിനെ അറിയിക്കാതിരുന്ന ഡേവിഡിന്റെ പ്രവര്‍ത്തി നിരുത്തരവാദിത്തപരമാണെന്ന് രേഖാ ശര്‍മ ഈ ട്വീറ്റിന് മറുപടി നല്‍കി. കൃത്യസമയത്ത് ഇത്തരം സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് രാജ്യത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഓര്‍മിപ്പിച്ചു. രേഖാ ശര്‍മയുടെ മറുപടിയോട് യോജിച്ചും വിയോജിച്ചും എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്.