ഓരോ ഗ്രാമത്തിൽ നിന്നും സ്ഥാനാർത്ഥികൾ; തെരഞ്ഞെടുപ്പ് പ്രക്രിയയെ സമ്മർദ്ദത്തിലാക്കാൻ മറാഠാ സമൂഹം
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ സമ്മർദ്ദത്തിലാക്കാൻ മറാഠാ വിഭാഗങ്ങൾ. ഓരോ ഗ്രാമത്തിൽ നിന്നും ഓരോ സ്ഥാനാർത്ഥികളെ വീതം നിർത്താനാണ് നീക്കം. സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയാൽ എങ്ങനെ നേരിടണമെന്ന് കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയതായും റിപ്പോർട്ട്.
മറാഠാ വിഭാഗത്തിന് സംവരണം നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ സമര രീതിക്കൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് സമയത്ത്, ഓരോ പോളിംഗ് ബൂത്തിലും പരമാവധി ആറ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ആണ് ഉണ്ടാവുക. ഓരോ വോട്ടിംഗ് മെഷീനിലും 14 സ്ഥാനാർത്ഥികളുടെ പേരുകൾ മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. സ്ഥാനാർത്ഥികൾ കൂടുന്നതിനനുസരിച്ച് യന്ത്രങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും.
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കുകയോ ബാലറ്റിലൂടെ നടത്തുകയോ ചെയ്യേണ്ടിവരും. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ സമ്മർദ്ദത്തിലാക്കാനാണ് മറാഠാ വിഭാഗങ്ങൾ ശ്രമിക്കുന്നത്. മറാഠികളെ പീഡിപ്പിക്കുന്ന ഭരണാധികാരികൾ ബിജെപിയിൽ ഉള്ളിടത്തോളം കാലം പാർട്ടിയെ പിന്തുണയ്‌ക്കില്ലെന്ന നിലപാടിലാണ് കൊണ്ടി ഗ്രാമവാസികൾ. സംവരണ ആവശ്യം അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് മറാഠാ സമൂഹത്തിലെ അംഗമായ ഹൻമന്ത് പാട്ടീൽ രാജെഗോർ പറഞ്ഞു.