Kerala

‘രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാനിരിക്കെ എന്നെ സസ്പെൻഡ് ചെയ്തു’; എം.ആർ ശശീന്ദ്രനാഥ്

Spread the love

സസ്‌പെൻഷനു പിന്നാലെ പ്രതികരണവുമായി കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡ‍ീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയത്. ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ഇതുപ്രകാരം ഡീനിനും അസിസ്റ്റന്റ് വാർഡനും വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഉത്തരവ് തയാറാക്കുന്നതിനിടെയാണ് ഗവർണറുടെ ഉത്തരവ് വന്നത്. ഇതോടെ ഈ ഉത്തരവ് നൽകാൻ സാധിച്ചില്ലെന്ന് എം.ആർ ശശീന്ദ്രനാഥ് പറഞ്ഞു.

ക്രിമിനൽ മനസുള്ള വിദ്യാർത്ഥികളാണ് കോളേജ് നിയന്ത്രിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കോളജ് ഹോസ്റ്റലുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡീൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് കോളജിൽ നടന്നത്. തൻ്റെ ടേം അവസാനിക്കാൻ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്‌പെൻഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ല. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. പ്രശ്നങ്ങൾക്ക് കാരണം വിദ്യാർത്ഥി സംഘടനകളുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.