‘മത്സരിക്കാനില്ല, തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണം’; ഗംഭീറിന് പിന്നാലെ ജയന്ത് സിൻഹയും
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ജയന്ത് സിൻഹ. ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. ആയതിനാൽ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും സിൻഹ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോട് ആവശ്യപ്പെട്ടു. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള എംപിയാണ് സിൻഹ.
സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഗൗതം ഗംഭീർ അറിയിച്ച് മണിക്കൂറുകൾ പിന്നീടും മുന്നേയാണ് ജയന്ത് സിൻഹയുടെയും പ്രഖ്യാപനം. “ഭാരതത്തിലെയും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ജെ.പി നദ്ദയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും”-സിൻഹ പറഞ്ഞു.
കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനകാര്യ, വ്യോമയാന സഹമന്ത്രിയായി സേവനമനുഷ്ഠിച്ച സിൻഹ, തനിക്ക് നൽകിയ അവസരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു. “കഴിഞ്ഞ പത്തുവർഷമായി ഭാരതത്തിലെയും ഹസാരിബാഗിലെയും ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നൽകിയ നിരവധി അവസരങ്ങളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിജി, ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതൃത്വം എല്ലാവർക്കും എന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. ജയ്ഹിന്ദ്”-സിൻഹ കൂട്ടിച്ചേർത്തു.