National

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

Spread the love

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ വിശ്വേശ പൂജക്ക് അനുമതി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയിലാണ് ജഡ്ജി എ.കെ വിശ്വേശ്വയുടെ പുതിയ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എ.കെ വിശ്വേശ്വയെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണന്നും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഉള്‍പ്പെടെ തീര്‍പ്പാക്കലാണ് ചുമതലയെന്നും സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്രിജേന്ദ്ര സിംഗ് പറഞ്ഞു.

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു എ.കെ വിശ്വേശ്വ പള്ളിയുടെ നിലവറയില്‍ പൂജക്ക് അനുമതി നല്‍കി ഉത്തരവിട്ടത്. എ.കെ വിശ്വേശ്വ ജനുവരി 31 നാണ് വിരമിച്ചത്. 1993 വരെ നടന്നിരുന്ന ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ശൈലേന്ദ്രകുമാര്‍ പഥക് വ്യാസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയിലാണ് പൂജ നടത്താന്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ച് മണിക്കൂറുകള്‍ക്കകം മസ്ജിദിന്റെ തെക്കേ ഭാഗത്തുള്ള നിലവറയില്‍ പൂജ തുടങ്ങിയിരുന്നു.