ഹിമാചലില്‍ പ്രതിസന്ധി തുടരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാമെന്ന ഫോര്‍മുല സജീവമായി ആലോചിച്ച് ഹൈക്കമാന്‍ഡ്
ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനുള്ള പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു വിനെ മാറ്റാന്‍ സമര്‍ദം ശക്തമാക്കുകയാണ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ്. രാജി സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ രാജി അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും, എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. ഡി കെ ശിവകുമാര്‍, ഭൂപേഷ് ബാഗേല്‍, ഭൂപീന്ദര്‍ സിങ് ഹൂഡ ഷിംലയില്‍ തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാം എന്ന ഫോര്‍മുല ഹൈക്കമാന്റിന്റെ പരിഗണനയില്‍ ഉണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ട് ചെയ്ത 6 വിമത എംഎല്‍എമാരും, കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് മുന്നില്‍ തങ്ങളുടെ വാദം അവതരിപ്പിച്ചിരുന്നു. കൂറുമാറ്റം നിരോധന നിയമം ബാധകമാകില്ല എന്നാണ് വിമതരുടെ വാദം. വിമതര്‍ക്കെതിരായ നടപടിയില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാരിനുള്ള പ്രതിസന്ധി മറികടക്കാന്‍ സമവായത്തിനുള്ള പരമാവധി സാധ്യതകളും പരിശോധിക്കാന്‍ ആണ് നേതൃത്വത്തിന്റെ തീരുമാനം.