Kerala

‘ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവർ’; ജനങ്ങളിൽ വിശ്വാസമെന്ന് കെ രാധാകൃഷ്ണൻ

Spread the love

ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ. ജനങ്ങളിൽ വിശ്വാസമാണ്. പാർട്ടി തീരുമാനിച്ചത് അനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നത്. പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പരമാവധി സീറ്റുകൾ പിടിക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ചിന്തയുള്ളവരാണ് ആലത്തൂരിൽ കൂടുതലും. ഇവിടുന്നു പോയ എംപിമാർ വേണ്ട രീതിയിൽ പാർലമെന്റിൽ പ്രവർത്തിച്ചില്ല. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം. താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ ഉപയോഗിച്ചത് നാടിനു വേണ്ടിയാണ്. ജനങ്ങളിൽ വിശ്വാസമാണ് എന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു.

കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.

വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ പറഞ്ഞു. മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തിൽ ചർച്ചയാവില്ല എന്നും കെകെ ശൈലജ പ്രതികരിച്ചു.

ടി പി കേസ് വടകരയിൽ ചർച്ചയാവില്ല. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിൻ്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്നം ഇല്ല. പാർട്ടി നിശ്ചയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. കേരളത്തിൽ നിന്നും വിട്ടു പോകുന്നില്ല. ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പമാണ് അവ ചെയ്യുന്നത്.

മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ എങ്ങനെ പ്രവർത്തിച്ചുവോ, ജയിച്ചാൽ അതുപോലെ മുന്നോട്ട് പോകും. യുഡിഎഫിന് വടകരയിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ല. നിഷ്പക്ഷരായവർ എൽഡിഎഫിനൊപ്പം നിൽക്കും. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ല എന്നും ശൈലജ പ്രതികരിച്ചു.