ഗുജറാത്ത് കോൺഗ്രസ് നേതാക്കളായ നരൺ റാത്വയും മകനും ബിജെപിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി. അഞ്ച് തവണ ലോക്സഭാ എംപിയും കോൺഗ്രസ് സിറ്റിംഗ് രാജ്യസഭാ എംപിയുമായ നരൺ ഭായ് രത്വയും മകൻ സംഗ്രാംസിൻഹ് രത്വയും പാർട്ടി വിട്ടു. കോൺഗ്രസിൽ നിന്ന് രാജിവച്ച ഇരുവരും ബിജെപിയിൽ ചേർന്നു.
ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ പാട്ടീൽ അഹമ്മദാബാദിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ‘കമലത്തിൽ’ കാവി സ്കാർഫുകളും തൊപ്പിയും അണിയിച്ചാണ് ഇരുവരേയും സ്വീകരിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നരൺ രത്വയുടെ രാജ്യസഭാംഗ കാലാവധി ഏപ്രിലിൽ അവസാനിക്കും. നരൺ രത്വ അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു-ആദ്യം 1989, പിന്നീട് 1991, 1996, 1998, 2004.
2004ലെ യുപിഎ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാംസിങ് രത്വയോട് പരാജയപ്പെട്ടു. തുടർന്ന് കോൺഗ്രസിൽ നിന്ന് രാജ്യസഭാ എംപിയായി. 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികവർഗ (എസ്ടി) സംവരണമുള്ള ഛോട്ടാ ഉദേപൂർ സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി റാത്വയുടെ മകൻ സംഗ്രാംസിൻഹ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.