അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാര്‍ച്ച് ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നൽകും
അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവര്‍ക്കും വിഐപി അതിഥികള്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്.
ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.
ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന.
2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.