ഹൗസിങ് ബോർഡ് കേസ്: തമിഴ്നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി
അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസ്വാമിക്ക് തിരിച്ചടി. ഹൗസിങ് ബോർഡ് കേസിൽ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് സ്വമേധയായെടുത്ത റിവിഷൻ നടപടിയിലാണ് വിധി.
2006 മുതൽ 2011 വരെ ഹൗസിംഗ് ബോർഡ് മന്ത്രിയായിരുന്ന ഐ പെരിയസാമി, അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാർച്ചിൽ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രി ഐ പെരിയസാമിയെ കുറ്റവിമുക്തനാക്കി. ഈ ഉത്തരവ് പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ.ആനന്ദ് വെങ്കിടേഷ് സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു.
കേസിൽ ഫെബ്രുവരി 13ന് വാദം പൂർത്തിയായി. ഇന്നാണ് വിധി പ്രഖ്യാപിച്ചത്. മന്ത്രി ഐ.പെരിയസ്വാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി പുനർ വിചാരണ നടത്തണമെന്ന് ഉത്തരവിട്ടു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം വിചാരണ നേരിടാൻ മന്ത്രിയോട് നിർദ്ദേശിച്ച ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് നടപടികൾ ദിവസേന നടത്താനും നിർദ്ദേശിച്ചു. കുറ്റാരോപിതരായ വ്യക്തികൾ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാം. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്നും എൻ.ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു.