ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി
ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സമുച്ചയത്തിലെ നിലവറയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുവാദം നൽകിയ വാരണാസി ജില്ലാ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്.
ജനുവരി 31-ന് വാരണാസി കോടതി ഗ്യാന്‍വാപി പള്ളിയുടെ തെക്കൻ നിലവറയായ വ്യാസ് തെഹ്ഖാനയിൽ ഹിന്ദു പക്ഷത്തിന് പ്രാർത്ഥന നടത്താമെന്ന് വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് അഞ്ജുമാൻ ഇൻ്റസാമിയ മസാജിദ് കമ്മിറ്റി ഫെബ്രുവരി ഒന്നിന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൻ്റെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ജില്ലാ കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടേണ്ട ആവശ്യമുള്ളതായി കരുതുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.
മസ്ജിദിൻ്റെ അടിത്തട്ടിൽ നാല് ‘തഹ്ഖാനകൾ’ (നിലവറകൾ) ഉണ്ട്. ഇതില്‍ ഒരെണ്ണം അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിൻ്റെ അധീനതയിലാണ്. 1993 ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് കമ്മിറ്റി വാരാണസി കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകാൻ നിർദേശിക്കുകയായിരുന്നു.