National

ഓൺലൈൻ ഗെയിമിംഗിലൂടെ കടബാധ്യത; ഇൻഷുറൻസ് തുകയ്‌ക്കായി അമ്മയെ കൊലപ്പെടുത്തി യുവാവ്

Spread the love

ഇൻഷുറൻസ് തുകയ്‌ക്കായി മകൻ അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഓൺലൈൻ ഗെയിമിംഗിലൂടെ ഉണ്ടായ കടബാധ്യത തീർക്കാൻ വേണ്ടിയാണ് യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. മകൻ ഹിമാൻഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതി ഹിമാൻഷു ഓൺലൈൻ ഗെയിമിംഗിന് അടിമയാണെന്ന് പൊലീസ്. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും ഗെയിം കളിച്ചിരുന്നു. നാലുലക്ഷം രൂപയോളമാണ് ഇയാൾ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. കടം നൽകിയവർ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെ ഹിമാൻഷു കടുത്ത സമ്മർദ്ദത്തിലായി. ഇതേത്തുടർന്നാണ് അമ്മയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടാൻ തീരുമാനിച്ചതെന്ന് പൊലീസ്.

ബന്ധുവിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ ഹിമാൻഷു ആ പണം ഉപയോഗിച്ച് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തു. പിന്നീട് അവസരം പാർത്തിരുന്ന ഹിമാൻഷു അച്ഛൻ ഇല്ലാതിരുന്ന സമയത്ത് അമ്മ പ്രഭയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ചണച്ചാക്കിനുള്ളിലാക്കി യമുനാ നദീയിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ചിത്രകൂട് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ പിതാവ് റോഷൻ സിംഗ് പ്രഭയെ കുറിച്ച് ചോദിച്ചപ്പോൾ അടുത്തുള്ള വീട്ടിൽ പോയിരിക്കുകയാണെന്നായിരുന്നു പ്രതി മറുപടി നൽകിയത്. മകനെയും ഭാര്യയെയും രാത്രി വൈകിയും കാണാതായതോടെ റോഷൻ ഇരുവരെയും അന്വേഷിച്ച് ഇറങ്ങി. അയൽവക്കത്തുള്ളവരോട് ചോദിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതെ വന്നതോടെ റോഷൻ അടുത്തുള്ള തൻറെ സഹോദരൻറെ വീട്ടിലേക്ക് പോയി. എന്നാൽ പ്രഭ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു.

മടങ്ങി വരും വഴി, ഹിമാൻഷു ട്രാക്ടറിൽ നദിക്ക് സമീപം പോകുന്നതായി കണ്ടുവെന്ന് ഒരു അയൽക്കാരൻ റോഷനോട് പറഞ്ഞു. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രഭയുടെ മൃതദേഹം യമുനയ്ക്ക് സമീപം നിന്ന് കണ്ടെടുക്കുകയും തൊട്ടുപിന്നാലെ ഹിമാൻഷുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.