കർഷക സമരം; 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു, പ്രകോപനപരമായ ഉള്ളടക്കം പങ്കുവയ്ക്കരുതെന്ന് നിർദ്ദേശം
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നിർജീവമാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. നിരോധനം ഏർപ്പെടുത്തിയ ഹരിയാനയിലെ 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് പുനസ്ഥാപിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളായിരുന്നു താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.
ഫെബ്രുവരി 11 മുതൽ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക ഉൾപ്പെടെ 12 ആവശ്യങ്ങളുടെ അംഗീകാരത്തിനായാണ് കർഷകർ സമരം നടത്തുന്നത്.
മൂന്നംഗ കേന്ദ്രമന്ത്രിമാർ നടത്തിയ അർധരാത്രിവരെ നീണ്ട ചർച്ച പരാജയമായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതിൽ ഉറപ്പു നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകൾ തീരുമാനിക്കുകയായിരുന്നു.