Kerala

ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു, മൂന്ന് സീറ്റിൽ കൂടുതൽ കിട്ടാൻ ലീഗിന് അവകാശം ഉണ്ട്; ഇ.പി ജയരാജൻ

Spread the love

ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണെന്നും മൂന്ന് സീറ്റ് അല്ല, അതിൽ കൂടുതൽ ലീഗിന് അവകാശം ഉണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുണ്ട്. ഐക്യ ജനാധിപത്യ മുന്നണിയിൽ ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ല. സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നത് പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ ഉള്ള ശക്തി ഇല്ല ഇപ്പോൾ. ലീഗ് ഒറ്റക്ക് മത്സരിച്ചാൽ സീറ്റുകൾ കിട്ടും. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നത്. കെ. സുധാകരന്റെ അസഭ്യ പ്രയോ​ഗം ശെരിയായില്ല. എന്ത് തെറിയും പറയാമെന്ന അവസ്ഥയാണ് കോൺഗ്രസിലുള്ളത്. എല്ലാം വിളിച്ച ശേഷം ഒടുവിൽ പറയും സഹോദരങ്ങൾ ആണെന്ന്.

അംഗീകാരമുള്ള, ജനപ്രീതി നേടിയ സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. എൽഡിഎഫ് 20ൽ 20 സീറ്റും നേടും. കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് യുഡിഎഫിൽ തുടരണോയെന്ന് ലീഗ് ആലോചിക്കണം. 60 വർഷമായി മുസ്ലിം ലീഗിന് രണ്ടു സീറ്റാണ് നൽകുന്നത്.

മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും. സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.

ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തി മറ്റന്നാള്‍ പാണക്കാട് വച്ച് ലീഗ് യോഗം ചേരും. 27ന് ഇന്നത്തെ ചര്‍ച്ചകള്‍ വിലയിരുത്തി അന്തിമ തീരുമാനം ലീഗ് സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.