Wednesday, February 26, 2025
Latest:
National

ഉത്തർപ്രദേശിൽ വൻ അപകടം: ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

Spread the love

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വൻ അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. ‘മാഗ് പൂർണിമ’ ദിനത്തിൽ പുണ്യ സ്നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്ക്.

രാവിലെ 10 മണിയോടെയാണ് അപകടം. തീർത്ഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടെ 20 പേർ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഡിഎം, എസ്പി, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, പരിക്കേറ്റവർക്ക് ഉചിതമായ ചികിത്സ നൽകാനും മുഖ്യമന്ത്രി അധികാരികളോട് നിർദേശിച്ചു.