ആണ്‍കുട്ടി ജനിക്കാനായി ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിന് യുവതി കോടതിയില്‍; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്നത് ഞെട്ടിച്ചെന്ന് കോടതി
ആണ്‍കുട്ടി ജനിക്കാനായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചുവെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് കോടതി. കുടുംബാരോഗ്യ ക്ഷേമ വകുപ്പടക്കമുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി നിലപാട് തേടി.
പെണ്‍കുട്ടി ജനിക്കരുതെന്നും ആണ്‍കുട്ടി വേണമെന്നുമുള്ളള തരത്തില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ദേശങ്ങള്‍ നല്‍കിയെന്നാക്ഷേപം ഉന്നയിച്ചു കൊണ്ടാണ് കൊല്ലം സ്വദേശിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നേരത്തെ കുടുംബാരോഗ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ടെന്നു കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു വാക്കാല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എതിര്‍കക്ഷികളായ കുടുംബാരോഗ്യ ക്ഷേമ വകുപ്പിനോടുള്‍പ്പെടെ നിലപാട് തേടി.
2012 ല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ആരോഗ്യമുള്ള ആണ്‍ കുട്ടി വേണമെന്ന തരത്തില്‍ നിരന്തരം നിര്‍ദേശങ്ങളും മറ്റും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മുന്നോട്ടു വച്ചു. പെണ്‍കുഞ്ഞ് സാമ്പത്തിക ബാധ്യതയാണെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. പിന്നീട് 2014ല്‍ യുവതിയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചതിനു ശേഷവും ക്രൂരതകള്‍ തുടര്‍ന്നുവെന്നും ഹര്‍ജിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുടുംബകോടതിയിലുള്‍പ്പെടെ യുവതിയും ഭര്‍ത്താവും തമ്മില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കാനായി ഉണ്ടെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.